2030 ഓടെ സാമ്പത്തിക രംഗത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ് രാജ്യങ്ങൾ മാറുമെന്ന് വിലയിരുത്തൽ. ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന് കഴിയുമെന്നാണ് വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ സാമ്പത്തിക തിരിച്ചടികളിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോർട്ട് പറയുന്നു.
തുടരുന്ന യുക്രയിൻ യുദ്ധവും റഷ്യക്കു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗൾഫ് രാജ്യൾക്ക് പരോക്ഷ ഗുണമായി മാറുകയാണ്. എണ്ണമേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഗൾഫിന് ഇതിലൂടെ സാധിക്കുന്നതായി ആഗോള സാമ്പത്തിക മാധ്യമങ്ങളുടെ വിശകലനത്തിൽ പറയുന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കൂടുതൽ ത്വരിതഗതിയിലാകും.
ഗൾഫ് മേഖലയിൽ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിർബന്ധിതമാകും. ലോകത്തെ ഏറ്റവും വലിയ സഞ്ചിത ആസ്തിയുള്ള രാജ്യമായി സൗദി അറേബ്യ കുതിക്കും. 2030 ഓടെ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട് രണ്ട് ട്രില്യൻ ഡോളറിനും മുകളിലെത്തും. കാൽപന്തുകളി ഉൾപ്പെടെ വിവിധ മേഖലകളിൽ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന നിക്ഷേപം വരുംവർഷങ്ങളിൽ ഇനിയും ഉയരും.
യെമൻ യുദ്ധാറുതിയും ഗൾഫ് രാജ്യങ്ങളുടെ ഐക്യവും മേഖലക്ക് പുതിയ കരുത്തായി മാറും. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ഗൾഫിന് ലഭിച്ച പുതിയ മേൽക്കൈ ഇതുവരെയുള്ള സമവാക്യങ്ങൾ മാറ്റി മറിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.