ആലപ്പുഴ: ആലപ്പുഴയിലെ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദം. ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിനെതിരെയായാണ് ആരോപണം. കായംകുളം എംഎസ്എം കോളേജിൽ പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് സംഘടനയിൽ പരാതി ഉയർന്നത്.
2018-2020 കാലഘട്ടത്തില്‍ എംഎസ്എം കോളജിൽ ബികോം പഠിച്ചെങ്കിലും പാസായിരുന്നില്ല. പിന്നീട് ഇതേ കോളജിൽ ചേർന്നപ്പോൾ 2019-2021 കാലത്ത് കലിംഗ സർവകലാശാലയിൽ പഠിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുകായിരുന്നു. ഒരേ സമയത്ത് രണ്ടിടത്ത് എങ്ങനെ പഠിക്കാനാകുമെന്നാണ് പാർട്ടിക്ക് നൽകി പരാതിയിൽ ചോദിക്കുന്നത്.
നിഖിലിന്റെ ജൂനിയർ ആയിരുന്ന ജില്ലാ കമ്മിറ്റി അംഗമാണ് ആരോപണം ഉന്നയിച്ചത്. നിലവിൽ എംഎസ്എം കോളേജിൽ എം.കോം രണ്ടാംവർഷ വിദ്യാർത്ഥിയാണ് നിഖിൽ. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നിഖിലിനെ കായംകുളം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ശേഷം ജില്ലാ കമ്മിറ്റിയിലും നിഖിലിനെതിരെ ആരോപണം ഉയർന്നു. ഇന്നലെ വിളിച്ചുചേർത്ത സിപിഎം ഫ്രാക്‌ഷനിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി നിഖിലിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിലാണെന്ന് പറഞ്ഞ് നിഖിൽ ഒഴിഞ്ഞുമാറി. ഇതോടെ ജില്ലാ കമ്മിറ്റിയിൽ നിന്നും നിഖിലിനെ മാറ്റുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.