അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ചിക്കാഗോ എയർപോർട്ടിൽ ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ; ടയർ പൊട്ടിത്തെറിച്ചു

Global Indian Writer · October 21, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ചിക്കാഗോ: സ്‌പെയിനിൽ നിന്നും ചിക്കാഗോയിലേക്ക് എത്തിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് ലാൻഡിംഗിനിടയിൽ സാങ്കേതിക തകരാർ. വിമാനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറിനെത്തുടർന്ന് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്‌പെയിനിലെ ബാഴ്സലോണ-എൽ പ്രാറ്റ് എയർപോർട്ടിൽ നിന്നും പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 41 (ബോയിംഗ് 787-800) ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക സമയം രണ്ടരയോടെ വിമാനം ഒ’ഹെയർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ലാൻഡിംഗിന് പിന്നാലെ ബ്രേക്കിൽ തകരാറുണ്ടായതായും തുടർന്ന് ടയർ പൊട്ടിയതായും ജീവനക്കാർ എഫ്.എ.എയെ അറിയിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 234 യാത്രക്കാരെയും 11 ജീവനക്കാരെയും സ്റ്റെപ്പുകൾ ഉപയോഗിച്ച് പുറത്തിറക്കി. തുടർന്ന് ബസുകളിലായി ഇവരെ ടെർമിനലിലേക്ക് സുരക്ഷിതമായി മാറ്റി.
സംഭവവിവരമറിഞ്ഞ് അഗ്നിശമനസേനയും മറ്റ് അടിയന്തര സേനാ വിഭാഗങ്ങളും റൺവേയിൽ എത്തിയിരുന്നു.

ബ്രേക്ക് തകരാറുണ്ടായതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ എഫ്.എ.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം താൽക്കാലികമായി സർവീസിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും എഞ്ചിനീയറിംഗ് വിഭാഗം പരിശോധന നടത്തിവരികയാണെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു..

Share this story

Leave a Comment

Your comment will be visible after admin approval.