ലക്നൗ: എൻഡിഎയ്ക്ക് എതിരായ വിശാല പ്രതിപക്ഷ സഖ്യത്തിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നത് വലിയ കാര്യമല്ലെന്നും അതിനായി തന്റെ പക്കൽ സൂത്രവാക്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഡിഎ എന്ന തന്റെ രാഷ്ട്രീയ സമവാക്യവും വലിപ്പച്ചെറുപ്പമില്ലാതെയുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യവും വഴി അനായാസം വിജയം കൈവരിക്കാമെന്ന് എസ് പി നേതാവ് അവകാശപ്പെട്ടു. പിച്ച്ലെ, ദലിത്, അൽപാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങൾ ദലിതർ, ന്യൂനപക്ഷങ്ങൾ) എന്നീ മൂന്ന് ഘടകങ്ങൾ 2024-ലെ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. കൂടാതെ ഓരോ സംസ്ഥാനത്തിലെയും ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന ചെറിയ പാർട്ടികളും വലിയ പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കണമെന്നും പരസ്പരം പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സീറ്റ് വിഭജനത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി ഒരിക്കലും കടുംപിടുത്തത്തിന് മുതിർന്നിട്ടില്ലെന്നും അഖിലേഷ് പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ യു പിയിലെ 80 സീറ്റുകളിലും ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു പിയിൽ നിന്ന് ബിജെപിയെ പുറത്താക്കാൻ മറ്റ് പ്രതിപക്ഷ പാർട്ടികളും ഒപ്പമുണ്ടാകണമെന്ന് എസ് പി നേതാവ് ആവശ്യപ്പെട്ടു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ട് ജൂൺ 23ന് ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഏറെ നിർണായകമായ യോഗത്തിന് മുന്നോടിയായാണ് അഖിലേഷ് യാദവ് തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.