Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു; പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി

പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു; പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി

പത്തനംതിട്ട: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു. പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്. 

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍

അസഹനീയമായ തളര്‍ച്ച ഡെങ്കിപ്പനിയുടെ ഒരു ലക്ഷണമാണ്. ഇതിന് പുറമെ പനി. കണ്ണ് വേദന- ഇത് കണ്ണുകള്‍ക്ക് പിന്നിലായി അനുഭവപ്പെടുന്ന രീതിയിലായിരിക്കും, ശരീരത്തിലൊട്ടാകെ വേദന (സന്ധി- പേശി, എല്ലുകളിലെല്ലാം വേദന), തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകള്‍, ഓക്കാനം- ഛര്‍ദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്നവയാണ്. ഇനി ഡെങ്കു തന്നെ അല്‍പം കൂടി ഗുരുതരമാകുമ്പോള്‍ ലക്ഷണങ്ങള്‍ വീണ്ടും മാറും. വയറുവേദന, കഠിനമായ ഛര്‍ദ്ദി (ദിവസത്തില്‍ മൂന്ന് തവണയെങ്കിലും എന്ന തരത്തില്‍), മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തസ്രാവം, ഛര്‍ദ്ദിലില്‍ രക്തം, മലത്തില്‍ രക്തം, അസഹനീയമായ തളര്‍ച്ച മൂലം വീണുപോകുന്ന അവസ്ഥ, അസാധാരണമായ അസ്വസ്ഥത എന്നിവയെല്ലാം ഗുരുതരമായ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അത്രയും സങ്കീര്‍ണമായ സാഹചര്യമാണിത്. 

എലിപ്പനിയുടെ ലക്ഷണങ്ങള്‍

എലിപ്പനിയിലും പനി തന്നെയാണ് പ്രകടമായ ആദ്യത്തെയൊരു ലക്ഷണം. ഇതിന് പുറമെ ഛര്‍ദ്ദിയും തലവേദനയും ശരീരവേദനയുമെല്ലാം എലിപ്പനിയിലും കാണാം. അതേസമയം ഈ ലക്ഷണങ്ങളിലെ തന്നെ ചില വ്യത്യാസങ്ങള്‍ മനസിലാക്കുന്നതിലൂടെ ഡെങ്കിപ്പനിയും എലിപ്പനിയും വേര്‍തിരിച്ചറിയാം. അതായത് ശരീരവേദനയ്‌ക്കൊപ്പം ചിലരില്‍ എലിപ്പനിയുടെ ലക്ഷണമായി നീരും കാണാറുണ്ട്. അതുപോലെ ചുവന്ന നിറത്തില്‍ ചെറിയ കുരുക്കള്‍ പോലെ തൊലിപ്പുറത്ത് പൊങ്ങുന്നതും എലിപ്പനിയുടെ പ്രത്യേകതയാണ്. എന്നാലീ ലക്ഷണങ്ങളെല്ലാം എല്ലാ രോഗികളിലും ഒരുപോലെ കാണണമെന്നില്ല. ലക്ഷണങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിനാല്‍ തന്നെ പനിക്കൊപ്പം അസഹനീയമായ ക്ഷീണം, ശരീരവേദന, തലവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തുകയും വേണ്ട ചികിത്സ തേടുകയും ചെയ്യുന്നതാണ്  ഉചിതം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments