തിരുവനന്തപുരം: എസ്എഫ്ഐ വ്യാജന്മാരുടെ കൂടാരമായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. സർട്ടിഫിക്കറ്റ് പരിശോധിക്കുവാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്. എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
അനധികൃത നിയമനം നടത്തിയാൽ എസ്എഫ്ഐ. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ എസ്എഫ്ഐ. വ്യാജരേഖ ചമച്ച് ജോലി നേടിയാൽ അതിനു പിന്നിലും എസ്എഫ്ഐ. കായംകുളം കോളേജിൽ നിഖിലിന് അഡ്മിഷൻ കിട്ടാൻ ശുപാർശ ചെയ്ത സിപിഎം നേതാവ് ആരാണ്. കേരളത്തിൽ പ്രവർത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്വം എസ്എഫ്ഐക്ക് നഷ്ടമായിരിക്കുകയാണ്. പൊലീസിനെയും ഭരണ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് വ്യാജന്മാർ വിലസുന്നത്. സാമൂഹ്യവിരുദ്ധന്മാരുടെ താവളമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. ഇതിനെയും ന്യായീകരിക്കാൻ എംവി ഗോവിന്ദൻ വരും. ഗോവിന്ദനെ എപ്പോഴാണ് ആഭ്യന്തര മന്ത്രിയാക്കിയത്. നാണംകെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധപതിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
കെ സുധാകരനെതിരായ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ഒരു കേന്ദ്രം തന്നെ പ്രവർത്തിക്കുന്നുണ്ടാവണം. തെറ്റിനെ ന്യായീകരിക്കുന്നവരാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്. ദേശാഭിമാനി ഉണ്ടാക്കുന്ന വ്യാജ വാർത്തകളെ സിപിഎം സെക്രട്ടറി ന്യായീകരിക്കുന്നു. മുഖ്യമന്ത്രി അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
റോഡിലെ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അഴിമതി അന്വേഷിക്കണമെന്നും പ്രവർത്തനം നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം.