കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി കെപി അരവിന്ദാക്ഷൻ. ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന്‍ കിട്ടിയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യം സി.പി.എമ്മിനും അംഗീകരിക്കാനാവില്ല. നിഖില്‍ തോമസ് പാര്‍ട്ടി മെമ്പറാണ്. വ്യാജ ഡിഗ്രി വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും പരിശോധനയും ഉണ്ടാവുമെന്നാണ് അരവിന്ദാക്ഷൻ പറയുന്നത്. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ ഊന്നിപ്പറഞ്ഞു.
അതേ സമയം കായംകുളത്തെ സോഷ്യൽ മീഡിയയിൽ കെ പി അരവിന്ദാക്ഷനെതിരെയുള്ള അഴിമതി ആരോപണം ട്രോളാക്കി നിറയുകയാണ് . കായംകുളത്ത് കള്ള് ഷാപ്പുകളുടെ നടത്തിപ്പിനായി വിവിധ ഷാപ്പുടമകളിൽ നിന്നായി അഞ്ചര ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയതായി സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷനെതിരെ പരാതി ഉയർന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കാണ് പരാതി ലഭിച്ചത്. ഷാപ്പ് തുറക്കണമെങ്കിൽ പറയുന്ന പണം നൽകണമെന്ന് അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയെന്നും, പണം തട്ടിയെടുത്തുവെന്നുമായിരുന്നു പരാതി. സ്പിരിറ്റ് കേസിൽ ഒളിവിലായ വ്യക്തിയ്‌ക്ക് വേണ്ടിയാണ് ഏരിയ സെക്രട്ടറി ഇടപെട്ടതെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് അരവിന്ദാക്ഷനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.