റായ്പുർ: എസ്എഫ്ഐ മുൻ നേതാവ് നിഖില്‍ തോമസിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കേരള പൊലീസിനോട് റായ്പുരിലെ കലിംഗ സര്‍വകലാശാല. കേരള പൊലീസ് സർവകലാശാലയിലെത്തി നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ കാണിച്ചു. രേഖകൾ വ്യാജമെന്ന് കായംകുളം എംഎസ്‌എം കോളജിനെയും അറിയിച്ചതായി റജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും നിഖിൽ തോമസ് എന്നൊരു വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.
നിഖില്‍ ഹാജരാക്കിയ രേഖകളെല്ലാം നേരത്തെ കേരള സർവകലാശാല ഇ–മെയില്‍ വഴി കലിംഗയ്ക്കു കൈമാറിയിരുന്നു. ഒരേ കാലയളവില്‍ വിദ്യാര്‍ഥി കേരള സര്‍വകലാശാലയില്‍ പഠിച്ചിരുന്നു എന്നതിന്‍റെ തെളിവും കൈമാറി. നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു രാവിലെ തന്നെ കലിംഗ സർവകലാശാല എംഎസ്എം കോളജ് അധികൃതരെയും അറിയിച്ചു. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തോടു പൂർണമായും സഹകരിക്കുമെന്ന് റജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.
കായംകുളം പൊലീസാണ് വിവര ശേഖരണത്തിനായി കലിംഗ സർവകലാശാലയിൽ എത്തിയത്. എസ്ഐയും സിപിഒയുമടങ്ങുന്ന അന്വേഷണസംഘം വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍ എന്നിവരെ കണ്ടു. എംഎസ്എം കോളജ് അധികൃതർ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കലിംഗയിലേക്കു പോയത്.
കോളജ് പ്രിൻസിപ്പലിനെ കൂടാതെ ആരോപണ വിധേയരായ അധ്യാപകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നിഖിൽ തോമസിനെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യും. കലിംഗയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാണ്.