റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശ അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് ‘ദിശ യോഗ മീറ്റ് 2023’ എന്ന ശീർഷകത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൗദി യോഗ കമ്മിറ്റിയുടെയും കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നടന്ന ആഘോഷ പരിപാടികൾക്ക് ഇന്ത്യൻ എംബസി പിന്തുണയും പ്രോത്സാഹനവും നൽകി.
റിയാദ് സ്കൂൾ റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന ആഘോഷം സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.സുഹേൽ അജാസ് ഖാൻ ഉദ്‌ഘാടനം ചെയ്തു. ദിശ സൗദി നാഷണൽ പ്രസിഡന്റ് കനകലാൽ കെ.എം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തി. നേപ്പാൾ അംബാസഡർ നവരാജ് സുബേദി, ശ്രീലങ്ക എംബസി ഫസ്റ്റ് സെക്രട്ടറി പി.ജി.ആർ. ചന്ദ്രവാൻഷാ, ബംഗ്ലാദേശ് എംബസ്സി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ഫാറൂഖുൽ ഇസ്ലാം, ഇറാം ഗ്രൂപ്പ് പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അലമാരി, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
അന്താരാഷ്ട്ര പ്രോട്ടോകോൾ പാലിച്ച് നടന്ന മാസ് യോഗ പ്രദർശന പരിപാടിയിൽ 2500നുമുകളിൽ ആളുകൾ പങ്കെടുത്തു. സാംസ്‌കാരിക തനിമ നിറഞ്ഞ ചെണ്ടമേളവും യോഗ പ്രമേയമാക്കി കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്കാരവും ആഘോഷം വർണ്ണാഭമാക്കി. ദിശ നാഷണൽ കോഓർഡിനേറ്റർ വി.രഞ്ജിത്ത് സ്വാഗതവും, ദിശ റിയാദ് റീജിയണൽ ജനറൽ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.