ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ സൈബരാബാദില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കഴുത്തിലും മുഖത്തും കൈകളിലും കുത്തേറ്റ യുവതിയുടെ നില ഗുരുതരമാണെന്നും ഇവര്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ കോത്ത ഗണേഷ് (27) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുണ്ടൂര്‍ സ്വദേശിനിയും ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ 22-കാരി നഗരത്തിലെ സ്വകാര്യ ഹോസ്റ്റലിലാണ് താമസം. പ്രതിയായ ഗണേഷ് നഗരത്തില്‍ ‘സൊമാറ്റോ’ ഡെലിവറി ഏജന്റായി ജോലിചെയ്യുകയാണ്. യുവതിയോട് നേരത്തെയും ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി ഇത് നിരസിച്ചു. കഴിഞ്ഞദിവസം ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെവെച്ച് വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയും ഇത് നിരസിച്ചതോടെ യുവതിയെ ആക്രമിക്കുകയുമായിരുന്നു.
താന്‍ ‘അങ്കിള്‍’ എന്ന് വിളിക്കുന്നയാളാണ് ഗണേഷ് എന്നും കത്തി കൊണ്ടാണ് ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചതെന്നും പെണ്‍കുട്ടി കഴിഞ്ഞദിവസം മൊഴിനല്‍കിയിട്ടുണ്ട്. നേരത്തെയും ഗണേഷ് പ്രണയാഭ്യര്‍ഥന നടത്തിയപ്പോള്‍ അത് നിരസിച്ചിരുന്നു. കഴിഞ്ഞദിവസം ഹോസ്റ്റലിലെത്തിയ ഇയാള്‍ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു. തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറ്റി ഒരു ഹോട്ടലിന്റെ പുറകിലെത്തിച്ചു. അവിടെവെച്ച് വീണ്ടും പ്രണയാഭ്യര്‍ഥന നടത്തുകയും അത് നിരസിക്കുകയും ചെയ്തതോടെ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ വഴക്കുണ്ടാക്കി. ഇതിനുപിന്നാലെയാണ് ബാഗില്‍നിന്ന് കത്തിയെടുത്ത് കുത്തിയതെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോളാണ് കൈകളില്‍ കുത്തേറ്റതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഒരിക്കലും യുവാവിന്റെ പ്രണയാഭ്യര്‍ഥന താന്‍ സ്വീകരിച്ചിട്ടില്ലെന്നും പക്ഷേ, പ്രതി തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നതായും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
രാത്രി ഒമ്പതുമണിയോടെയാണ് യുവതിയെ ആക്രമിച്ചെന്ന വിവരം സ്‌റ്റേഷനില്‍ ലഭിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.