തിരുവനന്തപുരം : എസ്എഫ്ഐയിലെ വിവാദങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിക്കുന്നതായി സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം. എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ തിരുത്താന്‍ എൽഡിഎഫിൽ വിഷയം ഉന്നയിക്കാനും തീരുമാനിച്ചു. എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ പറഞ്ഞു.
എസ്എഫ്ഐയിലെ ചില നേതാക്കളുടെ പ്രവർത്തനം സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തകർക്കുകയാണെന്ന് യോഗം വിലയിരുത്തി. ഇപ്പോഴത്തെ വിവാദങ്ങൾ നാണക്കേടായി. നേതാക്കൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നതായി ജനം ചിന്തിക്കുന്നു. ചില വിദ്യാർഥി നേതാക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മുന്നണി മൊത്തത്തിൽ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ പരമാവധി വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ടു പോകണമെന്നും അഭിപ്രായം ഉയർന്നു. എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെപോലെയാണെന്നും സിപിഎമ്മിനു നിയന്ത്രിക്കാനാകുന്നില്ലെന്നും ചിലർ വിമർശിച്ചു. സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനത്തിനും എസ്എഫ്ഐയുടെ അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന കാര്യവും ചിലർ ചൂണ്ടിക്കാട്ടി