ന്യൂഡൽഹി : മണിപ്പുർ കലാപത്തിൽ മൗനം പാലിക്കുന്ന നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ്. സംസ്ഥാനം കത്തുമ്പോൾ പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നത് എങ്ങനെയെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചോദിച്ചു. മണിപ്പുരിൽനിന്നുള്ള പ്രതിപക്ഷ നേതാക്കൾ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി കൂടിക്കാഴ്ച നടത്തി.
മണിപ്പുരിൽ കലാപം തുടങ്ങിയിട്ട് ഇന്നേക്ക് 50 ദിവസമായിട്ടും രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് സമാധാനത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്. രാജ്യത്തെ ഒരു സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി വിദേശ സന്ദർശനം നടത്തുന്നത് എങ്ങനെയാണെന്നും കോൺഗ്രസ് ചോദിച്ചു. മണിപ്പുരിനെ പ്രധാനമന്ത്രി ബോധപൂർവം അവഗണിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു.
കലാപം ആസൂത്രിതമാണെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറാകണമെന്നും ആവശ്യപ്പെട്ട് മണിപ്പുരിൽനിന്നുള്ള 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഡൽഹിയിൽ തുടരുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നിരോധനം ഈ മാസം 25 വരെ നീട്ടി. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ മാർക്കറ്റിൽ ഇന്നലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഘർഷം രൂക്ഷമായ ചുരാചന്ദ്പൂർ അടക്കമുള്ള മലയോര ഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ അസം റൈഫിൾസ് ഒരുക്കിയിട്ടുണ്ട്.