മസ്കത്ത്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് വർധിപ്പിച്ച് എയർ ഇന്ത്യ. നേരത്തെ ഉണ്ടായിരുന്ന 160 റിയാലിൽ നിന്നും 210 റിയാലായാണ് കാർഗോ നിരക്ക് ഉയർത്തിയിരിക്കുന്നത്. ജുൺ ഒന്ന് മുതലാണ് കാർഗോ നിരക്ക് പ്രാബല്യത്തിൽ വന്നത്.
210 റിയാൽ കാർഗോ നിരക്കിന് പുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി ഉയരും. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്‍റെ പകുതി നൽകിയാൽ മതിയാകും. നൂറ് കിലോവരെ ഭാരമുള്ള മൃതദേങ്ങൾക്കാണ് ഈ നിരക്ക് ഈടാക്കുക. ഇതിന് മുകളിൽ വരുന്നതിന് അധിക നിരക്കുകൾ നൽകേണ്ടി വരും.
എയർ ഇന്ത്യ കാർഗോ നിരക്ക് ഉയർത്തിയതോട ഒമാനിൽ നിന്ന് മൃതദേഹം കേരളത്തിലെത്തിക്കാൻ ചുരുങ്ങിയത് 620 റിയാലിന് മുകളിൽ ചിലവു വരുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കാർഗോ, എംബാമിങ്, എയർപോർട്ടിലേക്കുള്ള ട്രാൻസ്പോർട്ടിങ് ചാർജ് അടക്കമാണ് ഇത്രയും തുക വരുന്നത്.
ഒമാനിൽ ഭൂരഭാഗം പ്രവാസികളും സ്വന്തമായി ചെറുകിട കച്ചവടങ്ങളും മറ്റും നടത്തുന്നവരാണ്. അതുകൊണ്ടുതന്നെ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനികളുടെ സഹായങ്ങളൊന്നും ലഭിക്കാറില്ല. സാമൂഹിക പ്രവർത്തകരും സന്നദ്ധ കൂട്ടായ്മകളും ചേർന്നാണ് ഇത്തരക്കാരുടെ മൃതദ്ദേഹങ്ങൾ കയറ്റി അയക്കാറ്.