വാഷിങ്ടൻ : ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങിനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വേഛാധിപതിയെന്നു വിശേഷിപ്പിച്ചു. ചൈനയുടെ ചാരബലൂൺ യുഎസ് തകർത്തതു ഷിയ്ക്ക് നാണക്കേടായെന്നും ബൈഡൻ പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാനായി ബെയ്ജിങ്ങിലെത്തി ചൈന പ്രസിഡന്റുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയതിന്റെ രണ്ടാം ദിവസമാണു കലിഫോർണിയയിലെ ചടങ്ങിൽ ബൈഡന്റെ പരാമർശം.
‘ചാരഉപകരണങ്ങളുമായി യുഎസിൽ പ്രവേശിച്ച ചൈനീസ് ബലൂണുകൾ വെടിവച്ചിട്ടതാണ് ഷിയെ വല്ലാതെ പ്രയാസത്തിലാക്കിയത്. ഇതൊക്കെ സ്വേഛാധിപതികൾക്ക് വലിയ നാണക്കേടാണ്’ – ബൈഡൻ പറഞ്ഞു. ബൈഡന്റെ പരാമർശം അസംബന്ധവും പ്രകോപനപരവുമാണെന്നു ചൈന പ്രതികരിച്ചു.