കൊച്ചി: കണ്ണൂർ സർവകലാശാല അസോ. പ്രഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉത്തരവ്. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്കറിയ പ്രതികരിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രിയയുടെ പ്രതികരണം.
കേസിന്‍റെ നാള്‍വഴി ഇങ്ങിനെ…
2022 ഓഗസ്റ്റ് 17
പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച് ഗവർണർ.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു.
2022 ഓഗസ്റ്റ് 18
പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു.
2022 ഓഗസ്റ്റ് 19
പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകുന്നു.
2022 ഓഗസ്റ്റ് 22
നിയമനം കേരള ഹൈക്കോടതിയുടെ ദേവൻ രാമചന്ദ്രൻ അംഗമായ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്യുന്നു.
2022 ഓഗസ്റ്റ് 31
ഗവേഷണകാലം അധ്യാപനകാലമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതിയിൽ യുജിസിയുടെ നിലപാട്.
2022 ഒക്ടോബർ 27
യുജിസിയുടെ നിലപാടു തള്ളി ഹൈക്കോടതിയിൽ കണ്ണൂർ സർവകലാശാലയുടെ സത്യവാങ്മൂലം.നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും പ്രിയക്കുണ്ട് എന്ന് സർവകലാശാലയുടെ വിശദീകരണം.
2022 നവംബർ 16
നിയമന യോഗ്യത സംബന്ധിച്ച് പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി നിരീക്ഷണം.
2022 നവംബർ 19
പ്രിയാ വർഗീസിന്റെ നിയമനം: കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ സർവകലാശാല വിസി.
2023 ജനുവരി 11
കണ്ണൂർ സർവകലാശാല നിയമനം: സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകി പ്രിയ വർഗീസ്.
2023 ജൂൺ 22
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പ്രിയ വർഗീസിന് ആശ്വാസം.