പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിൻ്റെ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.
വിദ്യയുടെ റിമാൻറ് റിപ്പോർട്ട് പുറത്ത് നേരത്തെ പുറത്ത് വന്നിരുന്നു. പ്രതിയെ പിടികൂടിയത് വില്യാപ്പള്ളി രാഘവൻ എന്നയാളുടെ വീട്ടിൽ നിന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നുത്. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കെ വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റന്നാൾ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവർത്തിച്ചു.