വാഷിങ്ടൻ : വൈറ്റ് ഹൗസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, വൈറ്റ് ഹൗസ് ആദ്യമായി കണ്ടതിന്റെ ഓർമകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് സാധാരണക്കാരനായി ഞാൻ അമേരിക്ക സന്ദർശിച്ചിരുന്നു. അന്നു വൈറ്റ് ഹൗസ് പുറത്തുനിന്നു കണ്ടു. പ്രധാനമന്ത്രിയായ ശേഷം പലതവണ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ, ഇതാദ്യമായാണ് ഇത്രയും ഇന്ത്യക്കാർക്കായി വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറക്കുന്നത്.’’– വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ മോദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും സമീപമുണ്ടായിരുന്നു.
‘‘ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടെയും ഭരണഘടനകൾ ആരംഭിക്കുന്നത് ‘ഞങ്ങൾ ജനങ്ങൾ’ എന്ന വാക്കുകളിലാണ്. ഇരു രാജ്യങ്ങളും സ്വന്തം വൈവിധ്യത്തിൽ അഭിമാനിക്കുന്നു. കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’’– മോദി വ്യക്തമാക്കി.