വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം തുടരുകയാണ്. ഇന്ത്യയെന്ന പേരിൽ മോദിയെ ‘വിശ്വഗുരുവായി’ ബി.ജെ.പി കേന്ദ്രങ്ങൾ ആഘോഷിക്കുന്നതിനിടെയാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. എന്നാൽ, 40 ശതമാനം അമേരിക്കക്കാരും മോദിയെ കേട്ടിട്ടുപോലുമില്ലെന്നാണ് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നത്.
വാഷിങ്ടൺ ഡി.സി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഗവേഷക സ്ഥാപനമായ ‘പ്യൂ റിസർട്ട് സെന്റർ’ ആണ് യു.എസ് പൗരന്മാർക്കിടയിൽ അടുത്തിടെ നടത്തിയ അഭിപ്രായ സർവേയുടെ ഫലം പുറത്തുവിട്ടത്. പകുതിയിലേറെപ്പേരും(51%) ഇന്ത്യയെ താൽപര്യത്തോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, ഇന്ത്യയോട് അത്ര താൽപര്യമില്ലാത്ത 44 ശതമാനം പേരുമുണ്ട്. അഭ്യസ്തവിദ്യർക്കിടയിലാണ് കൂടുതൽ അനുഭാവസമീപനമുള്ളത്. ബിരുദത്തിലും കുറഞ്ഞ വിദ്യാഭ്യാസമുള്ളരാണ് ഒരുതരം മുൻവിധിയോടെ രാജ്യത്തെ കാണുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡെമോക്രാറ്റുകൾക്കാണ് ഇന്ത്യയോട് കൂടുതൽ അനുഭാവമുള്ളത്. 58 ശതമാനമാണിത്. റിപബ്ലിക്കൻ പാർട്ടിക്കാരിൽ 48 ശതമാനം പേരും താൽപര്യത്തോടെ കാണുന്നു. അതേസമയം, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ലോകശക്തിയായുള്ള ഇന്ത്യയുടെ വളർച്ച ശക്തിപ്പെട്ടെന്ന വാദത്തെ 64 ശതമാനം പേരും അനുകൂലിക്കുന്നില്ല. മുൻപുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുകയാണെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ, ലോകരാഷ്ട്രീയത്തിൽ ഇന്ത്യയുടെ ശക്തിയും സ്വാധീനവും അടുത്തിടെ വളർന്നെന്ന് 23 ശതമാനം പേർ വിശ്വസിക്കുന്നു. സ്വാധീനം ദുർബലപ്പെട്ടെന്ന് 11 ശതമാനവും അഭിപ്രായപ്പെടുന്നു.