കൊച്ചി:വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ മുൻ എസ്എഫ്ഐ നേതാവിന് 2 ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്ന് സംശയിക്കുന്ന മുൻ എസ്എഫ്ഐ നേതാവിന് രണ്ട് ലക്ഷം രൂപ കൈമാറിയതായി പൊലീസിന് തെളിവ് ലഭിച്ചു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റ് ആയിരുന്നു ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്.
2020 ലാണ് നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നിഖിൽ ഒളിവിൽ പോയത് അഭിഭാഷകന്റെ കാറിലാണ്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച അഭിഭാഷകന്റെ കാറിലാണ് 19ന് രാത്രി നിഖിൽ മുങ്ങിയത്. സിപിഐഎം പ്രാദേശിക നേതാവായ ഇയാളെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തു. സിപിഐഎം ഏരിയ കമ്മിറ്റിയംഗം അടക്കം എട്ട് പേരെ കൂടിയാണ് ഇന്നലെ ചോദ്യം ചെയ്തത്. മൂന്ന് ഇൻസ്പെക്ടർമാരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.