കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ പ്രസംഗങ്ങളെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിൽ ആശയങ്ങളുടെ മത്സരം വേണമെന്നും എന്നാൽ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് മോദി പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശന വേളയിൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയ വിമർശനത്തിനുള്ള മറുപടിയായാണ് മോദിയുടെ പരാമർശം വിലയിരുത്തപ്പെടുന്നത്. വീട്ടിൽ ആശയങ്ങളുടെ മത്സരം വേണമെന്നും എന്നാൽ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും മോദി പറഞ്ഞു. “ശക്തമായ ഉഭയകക്ഷി യോജിപ്പ് ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കുന്നതിൽ സന്തോഷമുണ്ട്. വീട്ടിൽ ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകും – ഉണ്ടായിരിക്കണം. പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ നാം ഒന്നായി നിൽക്കണം. നിങ്ങൾക്കത് സാധിക്കുമെന്ന് നിങ്ങൾ കാണിച്ചുതന്നു. അഭിനന്ദനങ്ങൾ!” – മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ ബന്ധം ആഘോഷിക്കാൻ ഒരുമിച്ച യുഎസ് കോൺഗ്രസ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. “ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും സംവാദം എനിക്ക് മനസ്സിലാകും, എന്നാൽ ലോകത്തിലെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആഘോഷിക്കാൻ നിങ്ങൾ ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്” – മോദി യുഎസ് നിയമനിർമ്മാതാക്കളോട് പറഞ്ഞു.