ന്യൂഡല്‍ഹി: 2022-ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രിയ എ.എസ്സിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ എന്ന കൃതിക്ക് ലഭിച്ചു. 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. ‘പെരുമഴയത്ത കുഞ്ഞിതളുകള്‍’ മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. ഡോ. കെ. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത സമ്മാനപ്പൊതി സീരീസിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്.
കുസാറ്റിലെ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പ്രളയമുണ്ടായത്. കുസാറ്റില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. കുസാറ്റിലെ ക്യാമ്പില്‍ കഴിഞ്ഞവരുടെ ജീവിതമാണ് പെരുമഴയത്തെ കുഞ്ഞിതളുകളുടെ ജന്മത്തിന് കാരണമായത്. അവിടെ കണ്ട കാഴ്ചകളില്‍ നിന്നാണ് എനിക്കിതിന്റെ ബീജം വീണുകിട്ടുന്നത്. കുസാറ്റില്‍ അങ്ങനെയൊരു ക്യാമ്പ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രളയദുരിതാശ്വാസ ക്യാമ്പ് കാണുമായിരുന്നോ എന്ന കാര്യം സംശയമാണ്. എന്റെ അനാരോഗ്യം അതിന് സമ്മതിക്കില്ലായിരുന്നു. കുസാറ്റില്‍ വെച്ച് ലക്ഷ്മി മേനോന്റെ നേതൃത്വത്തില്‍ ചേക്കൂട്ടിപ്പാവ നിര്‍മാണ ക്ലാസും നടന്നിരുന്നു. ചേക്കൂട്ടിപ്പാവ നിര്‍മാണം ഞാന്‍ പഠിച്ചു. ചേക്കൂട്ടിപ്പാവ നോവലിലെ ഒരു അധ്യായം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നോവലും പുരസ്‌കാരവും കുസാറ്റിനാണ് സമര്‍പ്പിക്കുന്നത്.- പ്രിയ എം.എസ് പ്രതികരിച്ചു.