വാഷിങ്ടൻ : യുഎസ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. യുഎസും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സിഇഒമാർ പങ്കെടുത്തു.
രേവതി അദ്വൈതി (സിഇഒ, ഫ്ലക്സ്), സാം ആൾട്ട്‌മാൻ (സിഇഒ, ഓപ്പൺ എഐ), മാര്‍ക് ഡഗ്ലസ് (പ്രസിഡന്റ് ആൻഡ് സിഇഒ, എഫ്എംസി കോർപറേഷൻ), ലിസ സു (സിഇഒ എഎംഡി), വിൽ മാർഷൽ (സിഇഒ, പ്ലാനറ്റ് ലാബ്സ്), സത്യ നാദെല്ല (സിഇഒ, മൈക്രോസോഫ്റ്റ്), സുന്ദർ പിച്ചൈ (സിഇഒ, ഗൂഗിൾ), ഹേമന്ദ് തനേജ (സിഇഒ, ജനറൽ കാറ്റലിസ്റ്റ്), സുനിത വില്യംസ് (നാസ ബഹിരാകാശ യാത്രിക) എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ വ്യോമസേനയ്ക്കായി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമിക്കാൻ യുഎസ് കമ്പനി ജനറൽ ഇലക്ട്രിക്കും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും തമ്മിൽ ധാരണയായിരുന്നു. യുദ്ധവിമാന എൻജിൻ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭിക്കുന്നത് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു നേട്ടമാണ്. ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോൺസുലേറ്റുകൾ തുറക്കും. യുഎസിൽ ഇപ്പോഴുള്ള 5 കോൺസുലേറ്റുകൾക്കു പുറമേ സിയാറ്റിലിൽ ഇന്ത്യയുടെ കോൺസുലേറ്റ് പ്രവർത്തനമാരംഭിക്കും.