വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്ന് കടത്തി കൊണ്ടുപോയ നൂറിലധികം പുരാവസ്തുക്കൾ തിരികെ എത്തിക്കുമെന്ന് യുഎസ്. റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്്. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രവാസികളുമായി സംവാദിച്ചത്.
ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 100-ലധികം പുരാവസ്തുക്കൾ തിരികെ നൽകാൻ യുഎസ് തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ഈ പുരാവസ്തുക്കൾ ശരിയായ വഴികളിലൂടെയോ തെറ്റായ വഴികളിലൂടെയോ അന്താരാഷ്‌ട്ര വിപണിയിൽ എത്തിയിരുന്നു. എന്നാൽ അവ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വൈകാരിക ബന്ധത്തെ കാണിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ അവശേഷിപ്പുകൾ തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുരാവസ്തുക്കൾ രാജ്യത്തെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഗോളതലത്തിൽ വിഷയം ഉന്നയിച്ചതിന്റെ ഭാഗമായി 251 വസ്തുക്കൾ തിരികെ കൊണ്ടുവന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷമാണ് 238 എണ്ണവും ഇന്ത്യയിലേക്ക് എത്തിച്ചത്. 2022ൽ യുഎസ് അധികൃതർ 307 വസ്തുക്കളാണ് തിരികെ ഏൽപ്പിച്ചത്. ഏകദേശം നാല് ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്നതാണ് ഈ പുരാവസ്തുക്കൾ.