വാഷിംഗ്ടൺ: ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങി ആമസോണും ഗൂഗിളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. 2030 ഓടെ ആമാസോൺ 26 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തുക. ഒപ്പം ഗൂഗിൾ 10 ബില്യൺ ഡോളറും രാജ്യത്ത് നിക്ഷേപിക്കും.
പ്രധാനമന്ത്രി യുഎസിൽ വിവിധ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആമസോൺ സിഇഒ ആൻഡി ജാസി. ഇന്ത്യൻ വംശജനായി ഗുഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവരും ഇതിൽ പ്രമുഖരാണ്.
പ്രധാനമന്ത്രിയുമായി ചർച്ച ക്രിയാത്മകമായിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ 2030 ഓടെ ഇന്ത്യയിൽ 26 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ആമസോൺ രാജ്യത്തെ സ്റ്റാർട്ടുപ്പുകളെ പിന്തുണയ്‌ക്കും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ചെറുകിട ബിസിനസ് ശാക്തീകരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും ആമസോൺ സിഇഒ ആന്റി ജാസി ട്വിറ്ററിൽ കുറിച്ചു.
2030 ഓടെ ഇന്ത്യയിൽ 12 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ തന്നെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് 26 ബില്യൺ കൂടി നിക്ഷേപിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതൊടെ ആമസോൺ ഓരോ വർഷവും ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായി സംസാരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട് സുന്ദർ പിച്ചൈ പറഞ്ഞു. ഗൂഗിൾ ഇന്ത്യയിൽ 10 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചൈ അറിയിച്ചു. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ഫണ്ടിലാകും 10 ബില്യൺ ഡോളർ നിക്ഷേപിക്കുക. ആർട്ടിഫ്യഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇന്ത്യ, ക്വാണ്ടം കംമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും സഹകരണവും പ്രധാന ചർച്ചാ വിഷയമായി.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. സുന്ദർ പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.