പാലക്കാട്∙ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ, പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്ന് പൊലീസ്. വിദ്യയുടെ ജാമ്യ ഹർജിയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അട്ടപ്പാടി ചുരത്തിൽവച്ച് കീഴിക്കളഞ്ഞതായി വിദ്യ സമ്മതിച്ചെന്നാഅണ് ഈ റിപ്പോർട്ടിലുള്ളത്. കേസിൽ മണ്ണാർക്കാട് കോടതി കർശന ഉപാധികളോടെ വിദ്യയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.
‘‘കരിന്തളം കോളജിൽ തന്നേക്കാൾ യോഗ്യതയുള്ളവർ ഉണ്ടായിരുന്നു. അതിനാൽ ജോലി കിട്ടില്ലെന്നു തോന്നിയപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അട്ടപ്പാടി കോളജിൽ നിന്ന് സംശയം പറഞ്ഞപ്പോൾ പിടിക്കപ്പെടുമെന്നു തോന്നി. വ്യാജമായി തയ്യാറാക്കിയ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, അട്ടപ്പാടി ചുരത്തിൽവച്ച് കീറിക്കളഞ്ഞതായി വിദ്യ സമ്മതിച്ചു’– ഇങ്ങനെയാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. അതേസമയം, പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ല. മൊബൈൽ ഫോണിലാണ് വിദ്യ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. സീലും അനുബന്ധ രേഖകളും നിർമിച്ചത് ഓൺലൈനായാണ്. ഇതിനു വേറെ സഹായം ലഭിച്ചിട്ടില്ല. സൈബർ വിദഗ്ദരുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ കർശന ഉപാധികളോടെയാണ് കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദേശവുമുണ്ട്.വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിൽ ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.