മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും ഞായറാഴ്ച രാത്രിയോടെ മിനായിലേക്ക് പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം പേരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുക. ചൊവ്വാഴ്ചയാണ് അറഫാ സംഗമം.
ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ എഴുന്നൂറോളം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ഒന്നേ മുക്കാൽ ലക്ഷം ഇന്ത്യൻ ഹാജിമാർ രാത്രിയോടെ മിനായിലെത്തും. ബസിലാണിവർ മിനായിലെത്തുക. മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ സജ്ജമായിട്ടുണ്ട്. നാളെ എല്ലാ ഹാജിമാരും മിനായിലെത്തുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. നാളെ രാപ്പകൽ ഹാജിമാർ മിനായിൽ പ്രാർഥനകളോടെ കഴിച്ചു കൂട്ടും.
കേരളത്തിൽ നിന്നും ഇത്തവണ 11252 ഹാജിമാരാണ് ഹജ്ജിനുള്ളത്. ഇതിൽ 4232 പുരുഷൻ മാറും 6899 സ്ത്രീകളുമാണ്. മുഴുവൻ ഹാജിമാരും തിങ്കാളാഴ്ച അർധ രാത്രിയോടെ അറഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ചയാണ് ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം.