കോഴിക്കോട്: വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രോവിൻസും വിമൺസ് ഫോറവും ചേർന്ന് അംഗങ്ങളുടെ മക്കളിലെ SSLC, പ്ലസ് 2, CBSE പരീക്ഷാ വിജയികളെ ആദരിച്ചു.
കോഴിക്കോട് ബോംബെ ഹോട്ടലിൽ വെച്ച് മലബാർ പ്രോവിൻസ് പ്രസിഡന്റ് കെ.പി. യു അലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ WMC കുവൈത്ത് പ്രോവിൻസ് പ്രസിഡന്റ് അബ്ദുൽ അസീസ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യാ റീജിയൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മലബാർ പ്രോവിൻസ് വൈസ് ചെയർമാൻ അഹമ്മദ് മൂപ്പൻ ഉദ്ഘാടകനെ ഷാളണിയിച്ചു സ്വീകരിച്ചു.
മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിമൺസ് ഫോറം പ്രസിഡന്റ് ലളിതാ രാമചന്ദ്രൻ ചടങ്ങിന് പരിചയപ്പെടുത്തി. പ്രോവിൻസ് വൈസ് ചെയർമാനും പ്രമുഖ കരിയർ കൗൺസലറുമായ നൗഷാദ് അരീക്കോട് വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശക ക്ലാസ്സെടുത്തു. മലബാർ പ്രോവിൻസ് ചെയർമാൻ കെ.കെ. അബ്ദുസ്സലാം വിദ്യാർത്ഥികൾക്കുള്ള മെമെന്റോകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളായ അംന കമാൽ, വിഷ്ണു എന്നിവർ സംസാരിച്ചു. മലബാർ പ്രോവിൻസ് സെക്രട്ടറി മുർഷിദ് അഹമ്മദ് സ്വാഗതവും വിമൺസ് ഫോറം സെക്രട്ടറി ഫാത്തിമ രഹന നന്ദിയും പറഞ്ഞു. ഗായിക കോഴിക്കോട് റഹ്മത്തിന്റെ ഗാനാലാപനത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.