ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പട്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. ഇര തേടുന്ന ‘ചെന്നായക്കൂട്ടത്തെപ്പോലെ’യാണ് പട്നയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുകൂടിയതെന്നു സ്മൃതി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളും ഖജനാവുമാണെന്നും സ്മൃതി ആരോപിച്ചു.
മോദി സർക്കാർ ഒൻപതു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് സ്മൃതിയുടെ പരാമർശം. ഇൻഡോറിൽ നിന്നുള്ള പ്രമുഖ സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ‘‘ചെന്നായ്ക്കൾ കൂട്ടത്തോടെയാണ് ഇര തേടുകയെന്നാണ് പറയുന്നത്. പട്നയിൽ ഇതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം മോദിയല്ല, ജനങ്ങളും രാജ്യത്തിന്റെ ഖജനാവുമാണ്. എപ്പോഴൊക്കെ ഒരാൾ ഖജനാവിൽ ദുഷിച്ച കണ്ണ് പതിച്ചോ, എനിക്കറിയാം, അത് ആ വീട്ടിലെ സ്ത്രീയെ അറിയിച്ചാൽ മതി. ശത്രു തനിയെ പിന്മാറിക്കോളും’’– സ്മൃതി പറഞ്ഞു.
ബിജെപിയെ തോൽപിക്കാൻ ഒന്നിച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോൺഗ്രസ് അടക്കമുള്ള 14 കക്ഷികൾ വെള്ളിയാഴ്ച പട്നയിൽ യോഗം ചേർന്നു തീരുമാനിച്ചത്. ഐക്യനീക്കങ്ങൾക്കു രൂപം നൽകാൻ ജൂലൈ 10നോ 12നോ ഹിമാചലിലെ ഷിംലയിൽ വീണ്ടും യോഗം ചേരും.