ന്യൂഡൽഹി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതായി ഗുസ്തി താരങ്ങൾ. എന്നാൽ നിയമ പോരാട്ടം തുടരുമെന്നും താരങ്ങൾ അറിയിച്ചു. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നുവെന്നും താരങ്ങൾ അറിയിച്ചു. വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയാണെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും ട്വീറ്റ് ചെയ്തത്.
നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായിരുന്നു. നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പൊലീസ് ഇത് ഉൾപ്പെടുത്തും.
എന്നാൽ പരാതി നൽകിയ മറ്റ് 6 ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു. അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരിൽ സമ്മർദം ചെലുത്തി മൊഴിമാറ്റിയെന്നാണ് ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ടവരുടെ ആരോപണം.