ദില്ലി: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരായ കേസ് എന്തുകൊണ്ട് സർക്കാർ മുന്നോട്ട് കൊണ്ട് പോയില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. സർക്കാരിന്റെ വേട്ടയാടലിന് ആരെയും വിട്ടുകൊടുക്കില്ല. ഇത് ബിജെപിയെയും മോദിയെയും സുഖിപ്പിക്കുവാനുള്ള നടപടിയാണ്. വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ എന്ത് കൊണ്ട് കേസ് മുൻപോട്ടു കൊണ്ടുപോയില്ലെന്നും കെസി വേണുഗോപാൽ ചോദിച്ചു.
രാഷ്ട്രീയ വേട്ടയാടലുകൾ തുടരുകയാണ്. ഇത് കൊണ്ടൊന്നും തകർക്കാൻ സാധിക്കില്ല. കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ടു നിലപാടാണുള്ളത്. ഇങ്ങനെ അല്ല രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ഇത് എന്ത് തരം കമ്മ്യൂണിസം ആണെന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയുള്ള കേസിൽ മുന്നോട്ട് പോവുകയാണ് പൊലീസ്. സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ല് തുടങ്ങിയതാണെന്നും വിജിലൻസ് സ്പെഷ്യൽ സെൽ പറഞ്ഞു. സ്പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം