Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി

കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. കോട്ടയം ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. ബസ് ഉടമയായ രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികൾക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായത്. ഇതിനായി വരുമാനമുള്ള ബസുകളിലെയും വരുമാനം കുറഞ്ഞ ബസുകളിലെയും ജീവനക്കാർ എല്ലാ ബസുകളിലുമായി മാറി മാറി ജോലി ചെയ്യും.

ഇന്ന് രാവിലെ നടന്ന ചർച്ചയിൽ, രാജ് മോഹനെ മർദ്ദിച്ച സിപിഎം നേതാവിനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് ചർച്ചയിൽ നിന്ന് രാജ് മോഹൻ ഇറങ്ങിപ്പോയി. പിന്നീട് ആരോപണ വിധേയനായ സിപിഎം നേതാവ് കെആർ അജയനെ ഒഴിവാക്കി ചർച്ച നടത്താൻ ജില്ലാ ലേബർ ഓഫീസർ തയ്യാറായി. ഇതോടെ രാജ് മോഹൻ വൈകിട്ട് നടന്ന ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇല്ലെന്ന് ചർച്ചയ്ക്കു ശേഷം രാജ് മോഹൻ പ്രതികരിച്ചു. സിഐടിയു പ്രവർത്തകർ ബസ്സിൽ കൊടികുത്തിയതിനെതിരെ പ്രതിഷേധിച്ച രാജ് മോഹനനെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ചതോടെയാണ് കോട്ടയം തിരുവാർപ്പിലെ തൊഴിൽ തർക്കം വിവാദമായത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയിരുന്നു. സ്വകാര്യബസ് ഉടമകളുടെ സംഘടനയുടെയും സിഐടിയുവിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ പ്രശ്നം ദിവസങ്ങളോളം നീണ്ട വാക്പോരിനും സമരത്തിനുമൊടുവിൽ കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ തുടങ്ങിയത്. വെട്ടിക്കുളങ്ങര ബസ്സിന്റെ ഉടമയായ രാജ്മോഹൻ സിഐടിയു അംഗങ്ങളായ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകുന്നുവെന്നും ബിഎംഎസ് യൂണിയൻകാരായ തൊഴിലാളികൾക്ക് കൂടിയ വേതനം നൽകുന്നുവെന്നുമായിരുന്നു സിഐടിയുവിന്റെ പരാതി. തൊഴിലാളികൾക്ക് വേതനം വർധിപ്പിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം രാജ്മോഹൻ നിരാകരിച്ചതോടെ ബസിൽ കൊടികുത്തി സിഐടിയു സമരം തുടങ്ങിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതിയിലെത്തി. പൊലീസ് സംരക്ഷണത്തിൽ ബസ് സർവീസ് നടത്താൻ സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇത് പ്രകാരം ബസിൽ കെട്ടിയ കൊടിയഴിക്കാനെത്തിയ ബസുടമയെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെആർ അജയൻ, രാജ്മോഹനെ മർദ്ദിക്കുകയായിരുന്നു. രാജ്മോഹന്റെ പരാതിയിൽ സംഭവത്തിൽ കേസെടുത്ത് അജയനെ അറസ്റ്റ് ചെയ്തു. പിന്നാലെ സിപിഎം നേതൃത്വവും മന്ത്രി ശിവൻകുട്ടിയും വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെയാണ് ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments