തിരുവനന്തപുരം : ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണവും കഴിഞ്ഞ ദിവസങ്ങളിലായി ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. പനി സ്ഥിരീകരിച്ച ഫാമിൽ ബാക്കിയുണ്ടായിരുന്ന പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ദയാവധം ചെയ്തു.
സമീപ പ്രദേശത്ത് മറ്റ് പന്നിഫാമുകൾ ഇല്ലാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷമാണ് ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പന്നികൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ തുടങ്ങിയതോടെ ഉടമ മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സാംപിൾ ശേഖരിച്ച് ബെംഗളൂരു എസ്ആർഡിഡി ലബോറട്ടറിയിൽ പരിശോധന നടത്തിയതോടെയാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് തൊടുപുഴയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ബാക്കിയുണ്ടായിരുന്ന പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
ലോൺ എടുത്താണ് പത്ത് വർഷം മുൻപ് ബിനോ ജോസഫും ഭർത്താവ് ബിജുവും പന്നിഫാം ആരംഭിയ്‌ക്കുന്നത്. പന്നികൾ മുഴുവൻ ചത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കുടുംബം പറഞ്ഞു .