ന്യൂഡൽഹി: അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാടിൽ വിമർശനവുമായി കോണ്‍ഗ്രസ്. റഫാല്‍ യുദ്ധവിമാന ഇടപാടുപോലെയാണു പ്രിഡേറ്റര്‍ ഡ്രോണ്‍ ഡീലെന്ന‌് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി. 31 MQ-9B പ്രിഡേറ്റർ ഡ്രോൺ ഉയർന്ന വിലയ്ക്കാണു വാങ്ങുന്നത്. ഡ്രോണ്‍ നിര്‍മാതാക്കാളായ ജനറല്‍ ആറ്റോമിക്സ് സിഇഒയുമായി മോദി സര്‍ക്കാരിലുള്ളവര്‍ക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.
‘‘ധൂര്‍ത്ത് ശീലമാക്കിയ പ്രധാനമന്ത്രി മൂലം രാജ്യത്തിനുണ്ടാകുന്ന അടുത്ത നഷ്ടമാണ് പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട്. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സംഭവിച്ചതിന്‍റെ തനിയാവര്‍ത്തനമാണ് പ്രിഡേറ്റര്‍ ഇടപാടിലും. മൂന്ന് ബില്യണ്‍ ഡോളര്‍, അഥവ 25,000 കോടി രൂപയാണ് 31 ഡ്രോണുകള്‍ക്ക് ചെലവാകുക’’. ഈ തുകയുടെ നാലിലൊന്ന് വിലയ്ക്കാണു മറ്റ് രാജ്യങ്ങള്‍ ഡ്രോണ്‍ വാങ്ങുന്നതെന്നാണു കോണ്‍ഗ്രസിന്‍റെ ആരോപണം.
‘‘ദേശീയ താൽപ്പര്യങ്ങളെ അപകടത്തിൽപ്പെടുത്തുന്നതാണു മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ. 126 റഫാല്‍ യുദ്ധവിമാനങ്ങൾക്കു പകരം വെറും 36 എണ്ണമാണു കൊണ്ടുവന്നത്. ഡിഫൻസ് അക്വസിഷൻ കമ്മിറ്റിയുടെയും സേനകളുടെയും എതിർപ്പ് അവഗണിച്ച് നിരവധി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തു. ഫ്രാൻസിൽ റഫാൽ അഴിമതിയിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. പ്രിഡേറ്റർ ഡ്രോൺ ഇടപാടിൽ സമ്പൂർണ്ണ സുതാര്യത വേണം. എല്ലാ പ്രധാന ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കണം. അല്ലെങ്കിൽ മോദി സർക്കാരിന്റെ മറ്റൊരു അഴിമതിയിൽ നമ്മൾ അകപ്പെടും. 31 ഡ്രോണുകൾക്കായുള്ള 25,000 കോടിയുടെ കരാറിനെക്കുറിച്ച് ജനങ്ങൾക്ക് ഉത്തരം ലഭിക്കണം ’’– പവൻ ഖേര പറഞ്ഞു.
എന്നാല്‍ സായുധസേനകളുടെ ശേഷിയെ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതാണ് ഇടപാടെന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ പറഞ്ഞു. വിലയെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്രതിരോധമന്ത്രാലയം നേരത്തെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.