ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ഇന്ത്യ ചർച്ചയ്ക്ക് പോലും തയ്യാറാവില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഭീകരവാദത്തെ സാധാരണമായി കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി സാധാരണ ബന്ധം സാധ്യമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുമ്പോഴും പാകിസ്താനുമായി അത് സാധിക്കാത്തതിന്റെ കാരണം അതിർത്തികടന്നുള്ള ഭീകരവാദമാണെന്നാണ് ജയശങ്കർ വിശദീകരിച്ചത്. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നീതിയുക്തമായ ഒരു നിർദ്ദേശമാണ്. ആകെയുള്ള ആശയക്കുഴപ്പം എന്തുകൊണ്ടാണ് നമ്മൾ ഈ നിലപാടിൽ നേരത്തെ എത്താതിരുന്നത് എന്നതുമാത്രമാണ്”- മന്ത്രി പറഞ്ഞു. അതിർത്തിയിലെ അവസ്ഥയാണ് ഇന്ത്യാ ചൈന ബന്ധത്തെയും നിർണയിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. അതിർത്തി ഇപ്പോഴും അസ്വസ്ഥമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിർത്തി സംബന്ധിച്ച വ്യവസ്ഥകൾ ചൈന ലംഘിക്കുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാനഡ സർക്കാർ ഖാലിസ്ഥാൻ അനുകൂല വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ജയശങ്കർ സംസാരിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണു പിന്നിലെന്നും ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാനഡയിൽ പ്രവർത്തനങ്ങളുണ്ടായാൽ തിരിച്ചു പ്രതികരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഇതാദ്യമായല്ല വിഷയത്തിൽ കാനഡക്കെതിരെ ജയശങ്കർ സംസാരിക്കുന്നത്.