കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോൺഗ്രസ് (എം). പാർട്ടിക്ക് സ്വാധീനമുള്ള പത്തനംതിട്ട, ഇടുക്കി എന്നീ സീറ്റുകളിലൊന്നായിരിക്കും ആവശ്യപ്പെടുക. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം സജീവ ചർച്ചയായിരുന്നു.
പത്തനംതിട്ട പാർലമെന്റ് മണ്ഡലം പരിധിയിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളിൽ പാർട്ടിക്ക് മൂന്ന് എംഎൽഎമാരുണ്ട്. ഇവിടങ്ങളിലെ പാർട്ടിയുടെ സ്വാധീനം ഉയർത്തിക്കാട്ടിയാണ് പത്തനംതിട്ട വേണമെന്ന ചർച്ചകൾ നടക്കുന്നത്.
ഇടുക്കി സീറ്റ് അധികമായി ആവശ്യപ്പെടണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെ ഒരു വിഭാഗം ഉന്നതാധികാര സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. സഭാ നേതൃത്വത്തിൻ്റെ പിന്തുണയും കുടിയേറ്റ മേഖലകളിലെ സ്വാധീനവും ചൂണ്ടിക്കാട്ടിയാണ് റോഷിയുടെ നീക്കം.
എന്നാൽ എൽഡിഎഫിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി. വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടന്ന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് മുന്നണി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.