ഫിഫ ലോക ഫുട്ബോൾ റാങ്കിംഗിൽ ആദ്യ നൂറിൽ ഇടം പിടിച്ച് ടീം ഇന്ത്യ . പുതിയ റാങ്കിംഗ് പ്രകാരം ഒരു സ്ഥാനം ഉയര്‍ന്നാണ് ഇന്ത്യ നൂറാം സ്ഥാനം നേടിയത് . ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പിൽ ലെബനനെ തോൽപ്പിച്ച് കിരീടം നേടിയതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്ഷിപ്പിൽ സെമി ഫൈനൽ പ്രവേശനം നേടിയതും ഇന്ത്യയ്ക്ക് ആദ്യ നൂറിൽ ഇടം പിടിക്കാൻ അവസരമൊരുക്കി
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച ഫുട്ബോൾ കളിക്കുന്ന ഇന്ത്യൻ ടീം റാങ്കിംഗിൽ ഇനിയും മുന്നേറുമെന്ന പ്രതീക്ഷ നൽകുന്നുണ്ട് . സാഫ് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ കുവൈറ്റിനെതിരെ സമനില നിലയാണ് നേടാനായതെങ്കിലും മേധാവിത്തം പുലർത്തിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത് .സെമിയിൽ ലബനനെ നേരിടാനിറങ്ങുമ്പോൾ ഇന്റർ കോണ്ടിനെന്‍റല്‍ കപ്പിൽ നേടിയ വിജയം ആത്മവിശ്വസമുയർത്തുന്നുണ്ട്. തുടർച്ചയായ 8 മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിലാണ് ഗോൾ വഴങ്ങിയത്, അതാകട്ടെ ഒരു ഓൺ ഗോളും.ലോക റാങ്കിംഗിൽ ലോക ചാമ്പ്യന്മാരായ മെസിയുടെ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ്. ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ആദ്യ പത്തിൽ തന്നെയുണ്ട്.