തിരുവനന്തപുരം: പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാര്‍. ബിജെപിയോട് എന്നെന്നും താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് കേന്ദ്രനേതൃത്വത്തെ തന്റെ നിലപാടുകള്‍ അറിയിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തി കാരണം കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാറും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്.
‘അടുത്തിടെ നടന്ന ഒരു പൊതുയോഗത്തില്‍ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. പൊതുപരിപാടികള്‍ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിര്‍ണ്ണയിക്കുന്നതും അവര്‍തന്നെ. സ്റ്റേജില്‍ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാന്‍പോകുന്നില്ല. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു’. – കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.