മണിപ്പൂരിലേയ്ക്കുള്ള യാത്രയില്‍ തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ സഹോദരി സഹോദരന്മാരെ കേള്‍ക്കാനാണ് എത്തിയത്, എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ സ്‌നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ യാത്രാമധ്യേ ഗവണ്‍മെന്റ് തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരമായിയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സമാധാനത്തിനാണ് ആദ്യ പരിഗണന കൊടുക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മണിപ്പൂരിലെ സംഘര്‍ഷബാധിത മേഖലയായ ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ രാഹുലിന്റെ വാഹന വ്യൂഹം മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു.
തലസ്ഥാനമായ ഇംഫാലില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെ ബിഷ്ണുപൂരിലാണ് വാഹനം തടഞ്ഞത്. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് സംഘര്‍ഷ സാധ്യതയുള്ള മേഖലയിലേക്ക് രാഹുലിനെ കടത്തിവിടാനാവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. കലാപത്തിന് ഇരയായവര്‍ കഴിയുന്ന കാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി. ചുരാചന്ദ്പ്പൂര്‍ കൂടാതെ ബിഷ്ണുപൂരിലെ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേരാണുള്ളത്. രാഹുല്‍ ഗാന്ധിയെ തടഞ്ഞതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.