സ്വത്ത് തർക്കങ്ങളെ കുറിച്ച് നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. അതുകൊണ്ട് തന്നെ മുൻകരുതലായി മാതാപിതാക്കൾ ആദ്യമേ വിൽപത്രം എഴുതിവെക്കാറുണ്ട്. മക്കള്‍ക്ക് പകരം മറ്റു പലര്‍ക്കും സ്വത്ത് എഴുതി നല്‍കിയ വാർത്തകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഫ്ലോറിഡയിലെ നാന്‍സി സോയര്‍ എന്ന വനിത തന്റെ സ്വത്തുക്കൾ എഴുതി നൽകിയത് മക്കൾക്കോ ബന്ധുക്കൾക്കോ അല്ല. തന്റെ പ്രിയപ്പെട്ട പൂച്ചകളുടെ പേരിലാണ്. അതും 20 കോടിയിലധികം മൂല്യമുള്ള സ്വത്തും ഒരു ആഡംബര ബംഗ്ളാവുമാണ് നാൻസി പൂച്ചകളുടെ പേരിൽ എഴുതി നൽകിയത്. നാൻസിയുടെ ഏഴ് പ്രിയപ്പെട്ട പൂച്ചകളാണ് ഇനി ഈ സ്വത്തിനെല്ലാം അവകാശികൾ.
ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്നൈറ്റ്, നെപ്പോളിയന്‍, സ്നോബോള്‍, സ്ക്വീക്കി എന്നീ പേർഷ്യൻ പൂച്ചകൾക്കാണ് നാന്‍സി സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി മരിച്ചത്. പക്ഷെ അടുത്തിടെയാണ് വില്‍പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. ഫ്ലോറിഡയിലെ തംപയിലാണ് കോടികള്‍ വില വരുന്ന നാന്‍സിയുടെ വീട്. നാൻസിയുടെ അവസാനത്തെ പൂച്ച മരിക്കുന്നത് വരെ ഇത് മറിച്ച് വില്‍ക്കാന്‍ പോലും സാധിക്കില്ല. വീട് വില്‍ക്കുന്നതിന് പൂച്ചകളെ കൊല്ലാനുള്ള സാധ്യതയും മുന്‍കൂട്ടി കണ്ട് ഈ വഴികളെല്ലാം അടച്ചാണ് നാന്‍സി വില്‍പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നാന്‍സിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു പൂച്ചകൾ. തന്‍റെ മരണത്തോടെ അവ വഴിയാധാരമാകരുതെന്ന് നാൻസിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ 84ാം പിറന്നാളിന് പിന്നാലെയാണ് നാന്സിയുടെ മരണം. പൂച്ചകൾക്ക് തന്റെ സ്വത്ത് എഴുതിവെക്കുക മാത്രമല്ല, പൂച്ചകളെ ദീര്‍ഘകാലത്തേക്ക് പരിരക്ഷിക്കാന്‍ ആവശ്യമായ രീതിയില്‍ വലിയൊരു തുകയും ഇവർക്കായി മാറ്റിവെച്ചിട്ടുണ്ട്. പൂച്ചകളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് അടക്കമുള്ള ചെലവുകള്‍ വഹിക്കാനാണ് ഈ നീക്കിയിരുപ്പ്.
നാൻസിയുടെ മരണശേഷവും ഇവ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ ഇവയെ കോടതി നിര്‍ദ്ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയായിരുന്നു. ഇവയെ ദത്ത് നല്‍കാനുള്ള നീക്കവും നടക്കുന്നുണ്ട്.