പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ തെരുവുനായ ആക്രമണം തുടരുന്നു. പത്തനംതിട്ട ഇലന്തൂരിൽ ആറുപേരെയാണ് നായ കടിച്ചത്. പരിക്കേറ്റവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4:30 ഓടെയാണ് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ തെരുവുനായ ആക്രമണം ഉണ്ടായത്. സമീപവാസികൾ മാർക്കറ്റിൽ എത്തിയപ്പോൾ നായ കുരച്ചുകൊണ്ട് ആളുകൾക്കു നേരെ ചാടുകയായിരുന്നു. അക്രമത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ഒരാൾക്ക് കടിയേറ്റത്. പത്തനംതിട്ട ജില്ലയിൽ തെരുവുനായാക്രമണം ഇപ്പോൾ ഒരു സ്ഥിരം കാഴ്ചയാണ്. ഇതിനെ സംബന്ധിച്ച് ബിജെപി മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് ഓഫീസിൽ ഇന്ന് നിവേദനം സമർപ്പിച്ചു.
ജില്ലയിൽ പുറത്തിറങ്ങാൻ പറ്റാത്ത വിധം ഭീതി പടർത്തുന്ന നായ്‌ക്കളെ അടിയന്തരമായി പിടിച്ചു കെട്ടാനും തുടർനടപടികൾക്കുമായി ജില്ലയൊട്ടാകെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.