മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ യുദ്ധവും വാഗ്‍നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കവും ചർച്ചയായി. സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് റഷ്യൻ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ മോദി പിന്തുണ അറിയിച്ചതായി റഷ്യ വ്യക്തമാക്കി.
‘‘ജൂൺ 24ന് റഷ്യയിൽ നടന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരൻമാരുടെ സുരക്ഷയ്ക്കുമായി റഷ്യൻ ഭരണകൂടം കൈക്കൊണ്ട നിർണായക നടപടികളിൽ നരേന്ദ്ര മോദി പിന്തുണ അറിയിച്ചു’ – റഷ്യ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വാഗ്‍നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറിയെ ചെറുക്കാൻ റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളെ മോദി പിന്തുണച്ചുവെന്നാണ് റഷ്യയുടെ വിശദീകരണം.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം വലിയ വാർത്തയായിരുന്നു. അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്നർ കൂലിപ്പട്ടാളം, തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായിപിന്തിരിഞ്ഞത്. റഷ്യൻ സേനയ്ക്കൊപ്പം യുക്രെയ്നിലെ യുദ്ധം തുടരാൻ വാഗ്നർ പോരാളികളോടു നേതാവ് പ്രിഗോഷിൻ നിർദേശിച്ചിരുന്നു. അതേസമയം, കലാപത്തിനു ശ്രമിച്ചതിന് പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യയും വ്യക്തമാക്കി.