ചെന്നൈ: മന്ത്രി വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് മറുപടിയുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പിന്നീട് തീരുമാനത്തില്‍ നിന്നും പിന്‍മാറിയ സാഹചര്യത്തിലാണ് സ്റ്റാലിന്‍റെ മറുപടി കത്ത്. തന്‍റെ അനുവാദമില്ലാത തന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ രവിക്ക് അയച്ച ആറു പേജുള്ള കത്തില്‍ പറയുന്നു.
ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പരാമർശിച്ചു. പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നോടോ തന്റെ മന്ത്രിമാരുടെ സമിതിയോടോ കൂടിയാലോചിച്ചില്ലെന്നും ഗവർണർ “തിടുക്കത്തിലും ഭരണഘടനയെ മാനിക്കാതെയുമാണ്” പ്രവർത്തിച്ചതെന്നും സ്റ്റാലിൻ കത്തില്‍ ആരോപിക്കുന്നു. “ഭരണഘടനാ സംവിധാനത്തിന്റെ തകർച്ച” എന്ന ഗവർണറുടെ പരാമർശത്തെ വിമർശിച്ച സ്റ്റാലിൻ “കുറ്റവാളിയായ ഒരാൾ മാത്രമേ അയോഗ്യനാക്കപ്പെടുകയുള്ളൂ.” എന്ന് കത്തിൽ എഴുതി.ഇത്രയും സുപ്രധാനമായ ഒരു തീരുമാനത്തിന് മുമ്പ് നിങ്ങൾ ഒരു നിയമോപദേശം പോലും എടുത്തിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.