ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിപ്പുകാരോട് 2 കോടി ആവശ്യപ്പെട്ട മങ്കയം ബ്രാഞ്ച് സെക്രട്ടറിയെ സിപിഐഎം പുറത്താക്കി. കോഴിക്കോട് കാന്തലോട് ലോക്കല്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. നടപടി ജില്ലാ കമ്മറ്റിയുടെ അംഗീകാരത്തിന് അയച്ചതായി ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറമ്പോയില്‍ 24നോട് പറഞ്ഞു. കോഴ ആവശ്യപ്പെടുന്ന വിഎം രാജീവിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
മങ്കയം ബ്രാഞ്ച് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് പാര്‍ട്ടി നടപടി. കോഴവിവാദം ശ്രദ്ധയില്‍പെട്ട കഴിഞ്ഞ മാസം 25ന് ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും നടപടി കാന്തലാട് ലോക്കല്‍ കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നടപടി വൈകി. ഓഡിയോ സന്ദേശം പുറത്ത് വന്നതോടെ വിവാദം ആളിക്കത്തി. പിന്നാലെ അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന്
വിഎം രാജീവിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.
ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ക്വാറിക്കെതിരെ വിജിലന്‍സിന് സിപിഐഎം പരാതി നല്‍കിയത്. ഇതിനിടെയാണ് സ്ഥലം ഏറ്റെടുത്ത് 2 കോടി നല്‍കിയാല്‍ പരാതി പിന്‍വലിക്കാമെന്നും തെളിവുകള്‍ ക്വാറി ഉടമകള്‍ക്ക് നല്‍കാമെന്നുമുള്ള ഓഡിയോ സന്ദേശം പുറത്ത് വന്നത്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. പുറത്താക്കല്‍ നടപടിയിലൂടെ വിവാദം ശമിപ്പിക്കാനാകുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. കോഴവിവാദത്തില്‍ സിപിഐഎമ്മിലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറിക്ക് 2 കോടിയെങ്കില്‍ സംസ്ഥാന സെക്രട്ടറിക്ക് എത്ര കോടി വേണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.