ക്വാലലംപുർ: പ്രവാസി ലീഗൽ സെല്ലിന്റെ (പിഎൽസി) മലേഷ്യൻ ചാപ്റ്ററിന്റെ ഉദ്ഘാടനം ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് എബ്രഹാം ക്വാലലംപുർ വിസ്മ മലായു കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു. മലേഷ്യയിലെ നിയമ വിദഗ്ധരും ബിസിനസ് സംരഭകരും ഇതര സംഘടനാ പ്രതിനിധികളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മലേഷ്യയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ നിയമപരമായി നേരിടാൻ എല്ലാവിധ സഹായങ്ങളും അഡ്വ. ജോസ് എബ്രഹാം വാഗ്ദാനം ചെയ്തു. മലേഷ്യയുടെ കോർഡിനേറ്റർ അഡ്വ. ജയശീലൻ പരിപാടിക്ക് നേതൃത്വം നൽകി.
നിലവിൽ ബഹ്റൈൻ, യുഎഇ,ഖത്തർ, ഒമാൻ,അബുദാബി, കുവൈത്ത്, യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന റജിസ്റ്റർ ചെയ്ത നോൺ ഗവൺമെന്റ് ഓർഗനൈസേഷനാണ് പ്രവാസി ലീഗൽ സെൽ. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, പത്രപ്രവർത്തകർ, എന്നിവരടങ്ങുന്ന സംഘടനയാണ് പിഎൽസി. നിയമത്തിന്റെ അധികാരം ഉപയോഗിച്ച് പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.