പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ജനങ്ങൾക്ക് നേരെ വെടിവെപ്പ്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കീഴ്പ്പെടുത്തി ഫ്രഞ്ച് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണം ആണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. ഫ്രഞ്ച് നാഷനൽ ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ പാരീസിന് സമീപത്തെ ട്രാപ്പെസിലാണ് വെടിവെപ്പുണ്ടായത്. കാറിലെത്തിയതായി കരുതപ്പെടുന്ന അക്രമി ജനങ്ങൾക്കുനേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടയാൾ ആഫ്രിക്കൻ വംശജനാണെന്നാണ് നിഗമനം. പരിക്കേറ്റവരിൽ രണ്ടുപേരും കുടിയേറ്റക്കാരാണ്. ഇതിൽ ആഫ്രിക്കൻ വംശജനായ ഒരാളുടെ നില ഗുരുതരമാണെന്നും മേയർ അലി റബേഹ് വ്യക്തമാക്കി.
കാറിൽ പോകുന്നതിനിടെ അക്രമി കൺമുന്നിൽ കണ്ടവർക്ക് നേരേയെല്ലാം വെടിയുതിർത്തെന്ന് ട്രാപ്പെസ് മേയർ അലി റബേഹ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരിൽ 12 വയസ്സുള്ള പെൺകുട്ടിയുമുണ്ട്. എട്ടുതവണയാണ് ഈ കുട്ടിക്ക് വെടിയേറ്റതെന്നും കുട്ടി അപകടനില തരണം ചെയ്തതായും റിപ്പോർട്ടുണ്ട്.
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള കൊലപാതകശ്രമം, കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട മാരകായുധം കൈവശം വെക്കൽ, കുറ്റകൃത്യങ്ങൾക്കായി ഭീകരവാദ ഗ്രൂപ്പുകളുമായി ഗൂഢാലോചന നടത്തൽ തുടങ്ങിയ വകുപ്പുകളാണ് അക്രമിക്കുമേൽ പി.എൻ.എ.ടി ചുമത്തിയിട്ടുള്ളത്.
Leave a Comment
Your comment will be visible after admin approval.