റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് ഇലക്ട്രിക് സ്ക്കൂട്ടറുകളൊരുക്കി സൗദി ഗതാഗത അതോറിറ്റി. മിനയിലെ കദാന സ്റ്റേഷനും ഹറമിലേക്ക് എത്തുന്ന ‘ബാബ് അലി’ സ്റ്റേഷനുമിടയിലാണ് പൊതുഗതാഗത അതോറിറ്റി ഇലക്ട്രിക് സ്കൂട്ടർ സേവനം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ നിർവഹിച്ചു.
തീർഥാടകർക്ക് 1,000 ഇലക്ട്രിക് സ്കൂട്ടറുകളാണ് അതോറിറ്റി ഒരുക്കിയത്. തീർത്ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് കഴിഞ്ഞ വർഷമാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഇതിനായി പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് സംബന്ധിച്ച ബോധവത്കരണത്തിന് അതോറിറ്റി പ്രത്യേക ടീമിനെ നിശ്ചയിച്ചിട്ടുണ്ട്.
മുൻവർഷങ്ങളേക്കാൾ കഠിനമായ ചൂടാണ് ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത്. 6,300 ഹാജിമാർ സൂര്യാഘാതമേറ്റ് ചികിത്സ തേടി എന്നാണ് കണക്ക്. സൗദിയിലെ വിവിധ ആശുപത്രി കളിൽ 2,15,000 തീർഥാടകർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. 65 വയസിന് മുകളിലുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച അവസരമായതിനാൽ പ്രായാധിക്യമുള്ളവർ ഇത്തവണ വളരെ കൂടുതൽ എത്തിയിരുന്നു.