തിരുവനന്തപുരം: ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഒരുപാട് സംഭാവന നൽകിയെങ്കിലും അവരുടെ യഥാർത്ഥ ലക്ഷ്യം മതപരിവർത്തനമായിരുന്നുവെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. തിരുവിതാംകൂര്‍ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാന്‍ മതപ്രചാരകര്‍ ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ തനിക്ക് ഏറെ ബഹുമാനമുള്ള സ്ത്രീ തന്നെ വന്നു കണ്ട് വ്യക്തിപരമായി അതിന് ശ്രമിച്ചതായും അവർ പറഞ്ഞു.
”വ്യക്തിപരമായി സമീപിച്ചത് എന്നെ പഠിപ്പിച്ച പ്രൊഫസറാണ്. എനിക്ക് വളരെ വേണ്ടപ്പെട്ട പ്രൊഫസറായിരുന്നു. സ്ത്രീയായിരുന്നു, എനിക്ക് ബൈബിള്‍ അയച്ചു തരാമെന്നും എന്നും വായിക്കണമെന്നുമെല്ലാം പറഞ്ഞു. ഒടുവില്‍ എനിക്ക് നോ പറയേണ്ടി വന്നു”- ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
രാജകുടുംബത്തെ മതപരിവർത്തനം ചെയ്യാൻ മിഷനറിമാർ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രതികരണം ”ഈ പറഞ്ഞ രീതിയിലല്ല, അവര്‍ മതപരിവര്‍ത്തനത്തിന് സമീപിച്ചത്. നേരിട്ടല്ലാതെ, പരോക്ഷമായ ഇടപെടലാണ് നടത്തിയത്. ബൈബിള്‍ അയച്ചു തരാമെന്നും എന്നും വായിക്കണമെന്നുമെല്ലാം പറഞ്ഞാണ് സമീപിച്ചത്. ഒടുവില്‍ എനിക്ക് നോ പറയേണ്ടി വന്നു. എല്ലാവരുടെയും അടുത്തല്ല. എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. തമ്പുരാനെയൊന്നും അവര്‍ സമീപിച്ചിട്ടില്ല. വ്യക്തിപരമായാണ് അവര്‍ കണ്ടത്. എന്നെ പഠിപ്പിച്ച പ്രൊഫസറാണ് എന്നെ സമീപിച്ചത്. എനിക്ക് വളരെ വേണ്ടപ്പെട്ട പ്രൊഫസറുമാണ്. വിദേശിയല്ല. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായ സമയത്താണ് അവര്‍ ശക്തമായ ഒരു നീക്കം തുടങ്ങിയത്.’- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ഓര്‍ത്തെടുത്തു.
‘ഞാന്‍ ഒരു പുസ്തകം എഴുതിയ സമയമായിരുന്നു അത്. ശ്രീപത്മനാഭസ്വാമി ടെമ്പിള്‍ എന്ന പേരില്‍. എന്റെ മൂന്നാമത്തെ പുസ്തകമാണ്. ആ പുസ്തകം വായിച്ച ശേഷമായിരുന്നു അവരുടെ നീക്കം. ബൈബിളിൽ വിഗ്രഹാരാധന ഇല്ലെന്ന് പറഞ്ഞായിരുന്നു തുടക്കം. ക്ഷേത്രത്തെ പറ്റി പറയുമ്പോള്‍ വിഗ്രഹത്തെ പറ്റി എഴുതാതെയിരിക്കാൻ പറ്റുമോ? എനിക്ക് വലിയ ആദരവ് തോന്നിയ ആളായിരുന്നു. ഇപ്പോൾ ഇല്ല. എന്നോട് വലിയ സ്‌നേഹമായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഒടുവില്‍ നിവർത്തിയില്ലാതെ ശക്തമായി പ്രതികരിക്കേണ്ടി വന്നു. ഈ സംഭവമല്ലാതെ മറ്റാരും ഇതിന് ശ്രമിച്ചിട്ടില്ല”- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
” ബ്രിട്ടീഷ് ഭരണകാലമായത് കൊണ്ടാവാം മതപ്രചാരകര്‍ ശ്രമിച്ചത്. അതിന്റെ മറ്റ് നിരവധി ഉദാഹരണങ്ങള്‍ ചുറ്റിലും ഉണ്ട്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ വഴിയില്ല. അന്ന് എന്തുനടന്നു എന്ന് എനിക്ക് അറിയില്ല. എന്നാല്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താനുള്ള സാധ്യത കുറവാണ്’.
”ക്രിസ്ത്യൻ മിഷനറിമാർ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി. അവർ ഒരുപാട് സംഭാവന നൽകി. എന്നിരുന്നാലും, അവരുടെ യഥാർത്ഥ ലക്ഷ്യം മതപരിവർത്തനമായിരുന്നു. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ തിരുവിതാംകൂറിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മിഷനറിമാരല്ലാത്തവരുടെ ഇടപെടൽ വളരെ വലുതായിരുന്നു. നെയ്യാറ്റിൻകരയിലെ ആരോഗ്യകേന്ദ്രം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നായിരുന്നു. പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിൽ എല്ലാ ദിവസവും കുടിവെള്ളം പരിശോധിച്ചു. ഉദാഹരണത്തിന് സ്വാതിതിരുനാളിന്റെ കാലത്തെ വിദ്യാഭ്യാസമെടുക്കാം. മെക്കാളെയുടെ ‘മിനിറ്റ്സ് ഓൺ എഡ്യുക്കേഷൻ’ അവർ അഖിലേന്ത്യാ തലത്തിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ ഞങ്ങൾ അവതരിപ്പിച്ചു.”- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.