കൊല്ലം: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖല കമ്മിറ്റി അംഗവും ബാലസംഘം ഏരിയ കോഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാൻ (21) ആണ് അറസ്റ്റിലായത്. 2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ കൂടുതൽ മാർക്കും റാങ്കും നേടിയതായി കാണിച്ച് കൃത്രിമ രേഖയുണ്ടാക്കി തുടർപഠനത്തിന് ശ്രമിക്കുകയായിരുന്നു.
സെമിഖാൻ തന്നെ ഹൈക്കോടതിയിൽ നൽകിയ കേസിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. 468 മാർക്കുണ്ടെന്നും തുടർപഠനത്തിന് അഡ്മിഷൻ കിട്ടുന്നില്ലെന്നും കാണിച്ച് ഇയാൾ കേസ് കൊടുത്തിരുന്നു. കേസ് പരിഗണിച്ച ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ കോടതി റൂറൽ എസ്പിയെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.
പൊലീസ് സൈബർ സെല്ലും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിലാണ് മുൻ എസ്എഫ്ഐ നേതാവ് കൂടിയായ സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻ്റ് ചെയ്ത സെമിഖാനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.