Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 4000 രൂപ പെന്‍ഷന്‍; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 4000 രൂപ പെന്‍ഷന്‍; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാ​ഗ്ദാനങ്ങളുമായി കോൺ​ഗ്രസ്. കർണാടകയിലെ വൻവിജയത്തിന് പിന്നാലെയാണ് സമാന വാ​ഗ്ദാനങ്ങൾ തെലങ്കാനയിലും കോൺഗ്രസ് പ്രഖ്യാപിച്ചത്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയാണ് ‘തെലങ്കാന ജന ​ഗർജന’ എന്ന മഹാപൊതുയോ​ഗത്തിൽ പങ്കെടുത്ത് പെൻഷൻ ഉൾപ്പെടെയുളള പ്രഖ്യാപനങ്ങൾ നടത്തിയത്.

പാർട്ടി അധികാരത്തിൽ വന്നാൽ വിധവകൾക്കും മുതിർന്ന പൗരൻമാർക്കും പ്രതിമാസം 4,000 രൂപ വീതം പെൻഷൻ നൽകുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. വാറങ്കലിൽ കർഷക പ്രഖ്യാപനവും ഹൈദരാബാദിൽ യുവജന പ്രഖ്യാപനവും പാർട്ടി നേരത്തെ നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ആസറ പെൻഷൻ സ്കീമിന് കീഴിൽ മുതിർന്ന പൗരൻമാർക്കും വിധവകൾക്കും 2,016 രൂപ ബിആർഎസ് നിലവിൽ നൽകി വരുന്നുണ്ട്.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ പോടു ഭൂമി ആദിവാസികൾക്ക് തിരികെ നൽകുമെന്നും രാ​ഹുൽ വാ​ഗ്ദാനം നൽകി. കർഷകരിൽ നിന്നും ആദിവാസികളിൽ നിന്നും കെസിആർ തട്ടിയെടുത്ത മുഴുവൻ ഭൂമിയും തിരികെ നൽകും. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ഫലം ആവര്‍ത്തിക്കുമെന്നും അഴിമതിയില്‍ മുങ്ങിയ ബിആര്‍എസിനെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയുടെ മോശം ഭരണത്തിനെതിരെ ദരിദ്രരായ മനുഷ്യരും കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും ദളിതുകളും ന്യൂനപക്ഷങ്ങളും മറ്റ് ജനവിഭാഗങ്ങളും നല്‍കിയതാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയം. അത് തന്നെയാണ് തെലങ്കാനയിലും സംഭവിക്കാന്‍ പോകുന്നത്. ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. ബിആര്എസ് എന്നാല്‍ ബിജെപി റിഷ്‌തേദാര്‍( ബന്ധുത്വ) പാര്‍ട്ടി എന്നാണ്. ബിആര്‍എസുമായി യാതൊരു വിധ രാഷ്ട്രീയസഖ്യത്തിലും ഏര്‍പ്പെടില്ല. ഇക്കാര്യം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അറിയിച്ചിട്ടുണ്ട്. അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനായി ബിആര്‍എസ് നേതാക്കള്‍ ബിജെപിയുടെ അടിമകളായി തുടരുകയാണ്. സ്വയം രാജാവാണെന്ന് ധരിക്കുന്ന കെസിആര്‍ തെലങ്കാന തന്റെ സാമ്രാജ്യമാണെന്നാണ് കരുതിയിരിക്കുന്നത്’. രാഹുൽ പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്ക നടത്തിയ 109 ദിവസം നീണ്ടുനിന്ന പദയാത്രയുടെ സമാപനമാണ് ഖമ്മത്ത് നടന്നത്. ഈ സമാപന വേദിയെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനുള്ള വേദിയാക്കി കൂടി മാറ്റുകയായിരുന്നു. 17 ജില്ലകളിലൂടെ കടന്ന് പോയ യാത്ര 36 നിയോജക മണ്ഡലങ്ങളിലെത്തി. 1360 കിലോമീറ്റര്‍ ദൂരത്തോളമാണ് വിക്രമര്‍ക്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടന്നത്.

മുന്‍ ഖമ്മം എംപിയും ബിആര്‍എസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ പൊങ്കുലേറ്റി ശ്രീനിവാസ റെഡ്ഡിയും ഭദ്രാദ്രി കൊതഗുഡെം ജില്ലാ പരിഷത്ത് ചെയര്‍മാന്‍ കോറം കനകയ്യയും വേദിയിലെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. മറ്റ് പ്രാദേശിക നേതാക്കളും വേദിയിലെത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments