ദില്ലി: ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോൺ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്‌പിജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ വിവരം ദില്ലി പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ ഔദ്യോഗിക സുരക്ഷാ ചുമതലയിലുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമായ എസ്പിജി വിഭാഗമാണ് വീടിന്റെ സുരക്ഷ നിർവഹിക്കുന്നത്. ദില്ലിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്. ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ല. ഇത് നോ ഫ്ലൈ സോൺ അഥവാ നോ ഡ്രോൺ സോൺ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ പറത്തിയത്.